കേളകം (കണ്ണൂർ): നാട്ടിൻപുറത്തെ സാധാരണക്കാരായ 12 പേർ അംഗങ്ങൾ ആയ ഒരു കലാസാംസ്കാരിക വേദി ഭവനരഹിതർക്കായി 9 വർഷം കൊണ്ട് 9 വീടുകൾ നിർമിച്ചു നൽകി ശ്രദ്ധ നേടുന്നു. കൊട്ടിയൂരിലെ മിഴി കലാസാംസ്കാരിക വേദിയാണ് ലളിതമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധയാകർഷിക്കുന്നത്. സാംസ്കാരിക കലാ മേഖലയിൽ അന്യം നിന്ന് പോകുന്ന കലാരൂപങ്ങളെ സംരക്ഷിക്കാനായാണ് മിഴി രൂപീകരിച്ചത്. നാട്ടിൻ പുറത്തെ പരിമിതമായ സൗകര്യങ്ങളിൽ കലാകാരൻമാരായി ജീവിച്ചവർ പങ്കാളികളായി തുടങ്ങിയ സാംസ്കാരിക വേദിക്ക് മുന്നിൽ അതിജീവനത്തിനായി അധ്വാനിക്കുന്നവർ വന്നെത്തിയപ്പോൾ ആണ് ഭവന നിർമാണത്തിലേക്ക് പ്രവേശിച്ചത്. പിന്നാക്ക ജീവിത സാഹചര്യങ്ങളിൽ നിന്ന് എത്തുന്ന സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് വീടില്ലാത്തവരെ കണ്ടെത്തിയാണ് വീട് വച്ചുനൽകുന്നത്. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായാണ് വീടുകൾ നിർമിച്ചു നൽകിയത്. സ്ഥലവും വീടും കൂടി നൽകിയവയും ഉൾപ്പെടും. ഇതിനൊപ്പം സമാനമായി പ്രവർത്തിക്കുന്നവരോട് സഹകരിച്ചും സംഘടന പ്രവർത്തിച്ചു വരികയാണ്.കലാകാരൻമാരുടെ പ്രവർത്തനങ്ങൾക്കായി പ്രത്യേക വിഭാഗവും മിഴി ഒരുക്കിയിട്ടുണ്ട്. അവരുടെ കലാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു. അംഗങ്ങൾ നൽകുന്ന സംഭാവനകളും പ്രത്യക ധനസഹായവും അധ്വാനവും ആണ് മിഴിയുടെ മൂലധനം. കർഷകരും കർഷക തൊഴിലാളികളും നിർമാണ തൊഴിലാളികളും സാധാരണക്കാരായ ചെറുകിട വ്യാപാരികളും അധ്യാപകരും അടങ്ങുന്നതാണ് മിഴിയിലെ 12 അംഗങ്ങൾ. സാമൂഹിക രാഷ്ട്രീയ പ്രവർത്തകനായ ജോയ് സെബാസ്റ്റ്യൻ ഓരത്തേൽ ആണ് മിഴിയുടെ പ്രസിഡൻ്റ്. അധ്യാപകനായ ജോസ് സ്റ്റീഫനാണ് കോർഡിനേറ്റർ. സിജു തേമാം കുഴിയാണ് സെക്രട്ടറി.ഷാജു മാത്യു കുമ്പുളുങ്കൽ വൈസ് പ്രസിഡൻ്റും ശാസ്ത പ്രസാദ് ജോയിൻ്റ് സെക്രട്ടറിയും സിബിച്ചൻ പാറയ്ക്കൽ ട്രഷററുമായ ഭരണ സമിതിയാണ് മിഴിയെ നയിക്കുന്നത്. ഷാജി തോമസ് പൂവക്കുളത്ത് ആണ് സ്ഥാപക പ്രസിഡൻ്റ്.
The mizhi that wipes the mizhi